പാരിജാതപ്പൂക്കൾ - അനീന കാപ്പൻ


പാതവക്കിലൂടെയുള്ള സായാഹ്‌നസവാരി എന്റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു. നേരം ഇരുട്ടിത്തുടങ്ങുമ്പോൾ ഓരം ചേർന്ന് കൈവീശിനടക്കുമ്പോൾ എന്തോ ഒരു രസം എന്നെ മൂടിയിരുന്നു. ഒരുപക്ഷെ രാത്രിയാകാശത്ത് നക്ഷത്രങ്ങളുടെ ചര്യ നിരീക്ഷിക്കുമ്പോൾ ലഭിക്കുന്ന ലഹരിപോലെയായിരുന്നു അത്. ഇരുട്ട് മൂടാൻ തുടങ്ങുകയാണ്. മറയാൻ തുടങ്ങുന്ന സൂര്യൻ, വിടരാനൊരുങ്ങുന്ന വെളുത്ത പാരിജാതപ്പൂക്കൾ... ഓരോന്നും ഓരോ ദിവസവും വ്യത്യസ്തമായിരുന്നു. കൊഴിഞ്ഞുപോയ ഇന്നലെകളോ വരാനിരിക്കുന്ന നാളെയോ അത്തരം നടത്തങ്ങളിൽ എനിക്ക് വിഷയമായിരുന്നില്ല. ഇന്നിന്റെ വിഹ്വലതകൾ സംസാരിക്കുന്ന ചില പ്രഭാതസവാരിക്കാരിൽനിന്നും രക്ഷതേടിക്കൊണ്ടായിരുന്നു ഞാൻ സായാഹ്‌ന സവാരി പതിവാക്കിയത്. അതിപ്പോൾ വലിയ ലഹരിയായിരിക്കുന്നു. സിരകളിലലിഞ്ഞ ജിജ്ഞാസപോലെ. എല്ലാം പതിവുപോലെ നടക്കുകയാണ്. ഭൂമി സൂര്യനെ ചുറ്റുന്നു, സൂര്യൻ മറയുന്നു, ചന്ദ്രൻ ഉണരുന്നു, ആളുകൾ ജോലിക്കു പോകുന്നു, മടങ്ങുന്നു, പതിവുകൾ തെറ്റിക്കാൻ പണ്ടേ പ്രിയമെങ്കിലും ഞാനും പതിവുതുടർന്നു. അവധിക്കാലം ചെലവഴിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഭാരങ്ങളില്ലാതെ അലഞ്ഞു നടക്കാനായിരുന്നു ആഗ്രഹം. കൈവീശിയുള്ള നടത്തം പോലെ. അതിനാവുമെന്നു തോന്നുന്നില്ല. കുട്ടികൾ നാട്ടിൽപോകാൻ വാശിപിടിച്ച് തുടങ്ങിയിരിക്കുന്നു. ടിപ്പർലോറിയുടെ സഡൻ ബ്രെയ്ക്ക് കേട്ട് ഞെട്ടിപ്പോയി, ഞാൻ. വാഹനങ്ങളിങ്ങനെയാണ്. പലപ്പോഴും അതിന്റെ മുരൾച്ചകൾ അലോസരമാണ്. എങ്കിലും ആ മുരൾച്ചയിലും ഒരു സംഗീതം കേൾക്കാൻ ഞാനും പഠിച്ചുതുടങ്ങിയിരിക്കുന്നു. എന്റെ ആൾട്ടോ കാറിന്റെ പതിഞ്ഞ സംഗീതംപോലെ. ആ ശ്രമത്തിനിടയിൽ സമചിത്തത വീണ്ടെടുത്ത് ഞാൻ നടന്നു. എന്തോ ഒരു സ്വപ്നം പോലെ... ആഴക്കടലിന്റെ നീലിമയിൽ ഞാൻ താഴ്ന്നുപോവുകയാണ്. ഓരംചേരാൻ കൈകാലിട്ടടിക്കുന്നു. ഇരുട്ട്, ദാഹം, വെളിച്ചം, തണുപ്പ്, ഞാൻ കണ്ണുകൾ പാതിയടച്ചിട്ടുണ്ട്. ചുറ്റും നിസ്സഹായമായ കുറെ കണ്ണുകൾ അവ എന്നെ ഭയപ്പെടുത്തി. ഭാര്യ, വീട്, കുട്ടികൾ, ചോര, ചോരയുടെ മണം... ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഇരുട്ടിൽ വിരിഞ്ഞുനിൽക്കുകയാണ് പാരിജാതപ്പൂക്കൾ. പാരിജാതം... അതിന്റെ മണം... അവയെന്നെ ലഹരി പിടിപ്പിക്കുകയാണ്... ഞാൻ നടക്കട്ടെ.

Comments