കൈതപ്പൊയിൽ: ലോക മാനസികാരോഗ്യ ദിനത്തിൽ ലിസ്സ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചു. ലിസ്സ കോളേജ് സ്ഥാപകനും ഡയറക്ടറുമായ റവ. ഫാ. ജോസ് മേലേറ്റുകൊച്ചിയിൽ (സി. എസ്. ടി.) ലിസ്സ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. മാനസീകപ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകൾക്ക് പിന്തുണയാവുകയാണ് ലിസ്സ. സൈക്കോളജിസ്റ്റുകളുടെയും, ക്ലിനിക്കൽ സൈക്കോളജി മേഖലയിലെ വിദഗ്ധരുടേയും നേതൃത്വത്തിലുള്ള സേവനങ്ങൾ ഇനി മുതൽ ഇവിടെ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തിൽ, വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിലായിരിക്കും ആരംഭഘട്ടത്തിൽ സേവനങ്ങൾ ലഭ്യമാവുക.
ഏതാനും വർഷങ്ങളായി എൽ. ഡി. ട്രെയിനിങ്, കൗൺസിലിംഗ് എന്നിവ നല്കിവന്നിരുന്ന കോളേജിന്റെ വിഭാഗമാണ് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ലിസ്സാ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ എന്ന രീതിയിൽ രൂപകൽപ്പന ചെയ്ത് ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചത്.
ലോക മാനസികാരോഗ്യ ദിനത്തിൽ സെന്റർ തുറന്നതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായി ലിസ്സയിൽ സംഘടിപ്പിച്ചത്. ദേശീയതല വെബിനാറുകൾ, മത്സരങ്ങൾ ഇവയുടെ പരമ്പരകൾ ഡോ. എൻ. കെ. രജിത്, ഡോ. തൂലിക ഘോഷ് തുടങ്ങി ഇന്ത്യൻ മനഃശാസ്ത്രമേഖലയിലെ പ്രമുഖരുടെ നേതൃത്വത്തിൽ നടന്നു.
കേരളത്തിലെ മനഃശാസ്ത്രത്തിന്റെ നിലവിലെ അവസ്ഥ, കോവിഡ് പകർച്ചവ്യാധി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാനസീക പ്രത്യാഘാതങ്ങൾ തുടങ്ങിയവ ആദ്യ വെബിനാറുകളിൽ ചർച്ചയായി. പരിപാടികൾ ലിസ്സയുടെ യൂടൂബ് ചാനലിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.
റവ. ഫാ. ജോസ് പന്തക്കൽ (സി. എസ്. ടി.) ആശംസകൾ അറിയിച്ചു. റവ. ഫാ. നിജു തലച്ചിറ (സി. എസ്. ടി.) സാങ്കേതിക കാര്യങ്ങൾ നിർവഹിച്ചു. വിദ്യാർത്ഥികളുടെ പ്രതിനിധിയായി രണ്ടാം വർഷ മനഃശാസ്ത്ര ഉന്നത ബിരുദ വിദ്യാർത്ഥിനി അലീന മാത്യു സംസാരിച്ചു. സൈക്കോളജി വിഭാഗം മേധാവി, ഡോ. എമേഴ്സൺ വി. പി. കൃതജ്ഞത രേഖപ്പെടുത്തി. തുടർപരിപാടികൾ ലിസ്സയിൽ മനഃശാസ്ത്ര വിഭാഗം അദ്ധ്യാപകരുടെയും അലൻ സജി, ആയിഷ അഷീക, അഞ്ജലി ബി., അഞ്ജന ജോഷി തുടങ്ങിയ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായി നടന്നു. ലീസ്സാ കോളേജ് പ്രിൻസിപ്പാൾ ഡോ. ബെന്നി ചെല്ലംകോട്ട് സമാപന ചടങ്ങുകൾ നിർവഹിച്ചു. മികച്ച പ്രതികരണമാണ് പരിപാടികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പങ്കെടുത്തവരിൽനിന്ന് ലഭിച്ചത്.
Comments
Post a Comment