കോവിഡ് പ്രതിസന്ധിയിൽ നിന്നും അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം മുഴുവനും. ഓരോ കാലഘട്ടത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് ജീവിതം പുനർനിർമിക്കുവാൻ ഇന്ന് നാം അടങ്ങുന്ന മനുഷ്യ സമൂഹത്തിന് സാധ്യമായി. ഒരു പക്ഷെ 2020ൽ മനുഷ്യന് വിസ്മയകരമായി തോന്നിയതും എന്നാൽ സ്വീകരിക്കുവാൻ ബുദ്ധിമുട്ടുള്ളതുമായ പല കാര്യങ്ങളും സംഭവിക്കുകയുണ്ടായി. കോവിഡ് 19 എന്ന മാരക വൈറസ് ഒരു സമൂഹത്തിൽ നിന്നും ലോകം മുഴുവനും വ്യാപിച്ചപ്പോൾ ജീവിത സാഹചര്യങ്ങളിലും സാമൂഹിക ചുറ്റുപാടുകളിലും വരുത്തിയ വ്യതിയാനങ്ങൾ പലതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഓൺലൈൻ പഠനം. ഒരുപക്ഷെ ഇത്തരമൊരു പഠന സമ്പ്രദായം വിദേശ രാജ്യങ്ങളിൽ മാത്രം സാധാരണയായി കണ്ടു പരിചിതർ ആയവരാണ് നമ്മളിൽ പലരും. കോവിഡ് 19 പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ തുറക്കാൻ പറ്റാത്ത സാഹചര്യം വരികയും പഠനം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറുകയും ചെയ്തപ്പോഴാണ് ഓൺലൈൻ പഠനത്തിന്റെ വിശാലമായ സാധ്യതകൾ നമുക്കു മുന്നിൽ എത്തുന്നത്. വിദ്യാർഥികൾ വീടുകളിൽ ഇരുന്നുകൊണ്ട്തന്നെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽത്തന്നെ ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കുമാണ് ഇത്തരം പഠന രീതികൾ വഴി തെളിക്കുന്നത്. രക്ഷിതാക്കൾക്ക് മക്കളോടൊപ്പം പഠന രീതികൾ മനസിലാക്കുന്നതിനും അവരിൽ ശ്രദ്ധ നൽകാനും ഓൺലൈൻ പഠനം സഹായകമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതൊരു യാഥാർഥ്യമായി നമുക്കു മുമ്പിൽ ഉണ്ടെങ്കിലും വിദ്യാർഥികൾക്ക് ഓൺലൈൻ പഠനരീതി പെട്ടന്ന് ഉൾകൊള്ളാൻ കഴിയണമെന്നില്ല. ക്ലാസ്മുറികളും സുഹൃത്തുക്കളും അധ്യാപകരും ഉൾകൊള്ളുന്ന അന്തരീക്ഷത്തിൽ നിന്നും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും സ്ക്രീനിൽ തെളിയുന്ന കാഴ്ച്ചപ്പാടുകൾ അവർക്ക് മാനസികമായും ശാരീരികമായും സമ്മർദ്ദം ഉണ്ടാക്കും എന്നത് പല പഠനങ്ങളും തെളിയിച്ചു കഴിഞ്ഞു. ഇത്തരം അവസരങ്ങളിൽ മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും അവർക്ക് അത്യാവശ്യമാണ്.
പ്രധാനമായും വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
* തലവേദന
* പുറംവേദന
* സാമൂഹിക ഒറ്റപ്പെടൽ
* ഉത്കണ്ഠ
* ശ്രദ്ധക്കുറവ്
* ഉറക്കകുറവ്
* ആശങ്ക
മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾക്ക് പുറമെ വിദ്യാർഥികളിൽ മടി, അലസത, ഇന്റർനെറ്റ് അടിമത്തം, മുതലായവയും രൂപപ്പെടാൻ സാധ്യതകൾ ഏറെയാണ്. അമിതമായ ഫോണിന്റെയും മറ്റും ഉപയോഗത്തിലൂടെ സോഷ്യൽ മീഡിയ സൗകര്യങ്ങളെ കൂടുതലായി സമീപിക്കുവാനും അതിലൂടെ ഇന്റർനെറ്റിന്റെ ചതിക്കുഴികളിൽ അകപ്പെടുവാനും സാധ്യതയുണ്ട്. ഓൺലൈൻ ക്ലാസുകൾക്ക് പുറമെയുള്ള ഓൺലൈൻ ട്യൂഷനും മറ്റും കുട്ടികളിൽ സമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളുടെ കഴിവും അഭിരുചിയും മനസിലാക്കുകയും അവർക്ക് ഉൾകൊള്ളാൻ വിധത്തിൽ ക്രമീകരിക്കുകയും വേണം. പഠനത്തിനൊപ്പം അവർക്ക് കളിക്കുവാനും മറ്റുള്ളവരുമൊത്ത് സമയം പങ്കിടുവാനും അവസരമൊരുക്കണം. വീട്ടിലെ പ്രായാമായവരൊത്ത് അവരുടെ അനുഭവങ്ങളും മുത്തശ്ശിക്കഥകളും കേട്ടിരിക്കുവാനും അവർക്ക് അവസരം നൽകണം.
ഒപ്പമിരിക്കാം അതിലൂടെ ഓൺലൈൻ പഠനം ആസ്വദിക്കാൻ വഴിയൊരുക്കാം. - സരിഗ ദേവസ്യ (പ്രഫഷണൽ സോഷ്യൽവർക്കർ).
Comments
Post a Comment