ഇൻറർനെറ്റ് അടിമത്തം മനോരോഗമോ? ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക്


കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് ജുബിൻ ബാബു എഴുതുന്നു...

ഒരു കാലത്ത് കൊക്കെയ്‌നും മരുവാനയും മദ്യവുമൊക്കെയാണ് മനുഷ്യനെ അടിമകളാക്കിയിരുന്നതെങ്കിൽ ഇന്ന് ഇൻറർനെറ്റ് എന്ന മായികവലയത്തിൽപ്പെട്ട് കുരുക്കിലായ ആളുകളുടെ എണ്ണം വർധിച്ചു വരികയാണ്. പുഞ്ചിരിതൂകി നിൽക്കുന്ന ഈ വിസ്മയത്തെ കനവിലും നിനവിലും നെഞ്ചോട് ചേർത്ത് തുഴ മറന്ന് വഞ്ചിയിലേറിയ ഒരു സമൂഹം ഇന്ന് നമുക്കുചുറ്റുമുണ്ട്. ലോകത്ത്‌ ഏറ്റവുമധികം ആളുകൾ ഇൻറർനെറ്റ് ഉപയോഗിക്കുന്ന രാജ്യം നമ്മുടേതാണ്. കാലത്തിനതീതമായി സഞ്ചരിക്കാൻ നമുക്കാകുന്നു എന്നത് പ്രശംസാവഹമാണ്. എന്നാൽ കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതറിയാതെ ജീവിതം ആസ്വദിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി വർധിക്കുന്നത് ആശങ്കാജനകമാണ്. തിരിനാളത്തിലേക്ക് പറന്നടുക്കുന്ന ഈയാംപാറ്റകളേപ്പോലെ ആ പ്രകാശവലയത്തിലേക്ക് നമ്മുടെ തലമുറ പറന്നടുക്കുന്നു. ഇത്രയും കോടി മനുഷ്യരുള്ള ഭൂമിയിൽ, സ്വന്തമായി ആരുമില്ലെന്ന് കരുതി, ഇൻറർനെറ്റിൻറെ ജാലകത്തിൽ മുഖമില്ലാത്ത സുഹൃത്തുക്കളെ തിരയുകയാണ് മിക്കവരും. ബന്ധങ്ങളെ ഗൗരവമായി എടുക്കാതെ ചെറിയ ആകാശത്തിനുടമകളാകുന്ന ഒരു ജനത. ഇൻറർനെറ്റിൽ കുരുങ്ങി ജീവിതത്തിലെ ഗൃഹാതുരത്വവും നർമ്മബോധവും പോലും നമ്മളിൽ പലർക്കും നഷ്ടമായി.
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) ഇൻറർനെറ്റ് അഡിക്ഷനെ ഒരു മാനസിക രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇൻറർനെറ്റ് അഡിക്ഷൻ ഡിസോഡർ (Internet Addiction Disorder) അഥവാ ഐ. എ. ഡി. (I.A.D.) എന്നാണ് എ. പി. എയുടെ മാനസീകരോഗനിർണയ ഉപാധിയായ ഡി. എസ്. എം. 4 (DSM - IV) ഇതിനെ വിളിക്കുന്നത്. ഡി. എസ്. എം. 4 - ൻറെ സെക്ഷൻ 3ൽ ഇതേപ്പറ്റി പ്രതിപാദിക്കുന്നു. ഇൻറർനെറ്റിന് അടിമപ്പെട്ട് സുഹൃത്തുക്കളും കുടുംബവും ജോലിയും നഷ്ടപ്പെട്ടവർ അനവധിയാണ്. നമ്മുടെ നാട്ടിലും ഈ വല വിരിഞ്ഞുകഴിഞ്ഞു. ഓൺലൈനിൽ കുരുങ്ങിക്കിടക്കുന്ന അനേകം കുട്ടികളും യുവാക്കളും ഇന്ന് നമ്മുടെ നാട്ടിലുമുണ്ട്. ഒരിക്കലും വിട്ടുപോകാനാകാത്തവിധം ചിലരെ അത് തളച്ചിടുന്നു. ഇതൊരു മാനസീകരോഗമാണ്. മനക്കരുത്തും ശാസ്ത്രീയമായ ചികിത്സയും വഴി ചിലർ ഇതിൽ നിന്ന് രക്ഷ നേടുന്നു. മറ്റുചിലരാകട്ടെ, ഇതൊരു രോഗമാണെന്നുപോലും തിരിച്ചറിയാതെ അതിൻറെ അടിമത്തത്തിലേക്കും, അതുവഴി നാശത്തിലേക്കും കൂപ്പുകുത്തുന്നു.
ഇൻറർനെറ്റ് അഡിക്ഷൻ കുടുംബ - സമൂഹ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നു. ഇൻറർനെറ്റിന് അടിമപ്പെട്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിനെക്കുറിച്ച് അടുത്തിടെ 'ന്യൂയോർക്ക് ടൈംസ്' പത്രം റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി മുഴുവനും ഇൻറർനെറ്റിൽ ചിലവഴിക്കുന്ന മിക്കവരും മദ്യപാനം പോലെയുള്ള ലഹരികളിൽ എത്തിച്ചേരാനുള്ള പ്രവണത കാണിക്കാറുണ്ട്. അശ്ളീലദൃശ്യങ്ങളൊന്നും ഇവരുടെ ലൈംഗികവാസനയെ തൃപ്തിപ്പെടുത്താതെ വരുന്നു. ഇത് അഡൽറ്റ് ഡേറ്റിങ് സൈറ്റുകളിലേക്കും തെറ്റായ ലൈംഗികബന്ധങ്ങളിലേക്കും ഇവരെ നയിക്കുന്നു. കയ്യിലുള്ള പണം മുഴുവൻ ഇതിനായി ചിലവഴിക്കാൻ ഇവർ തയ്യാറാവുന്നു. ഈ മാരക രോഗം നമ്മുടെ നാടിനെയും കാർന്നുതിന്ന് തുടങ്ങിയിരിക്കുന്നു. ഈ വലയിൽ ചിന്തയും ശരീരവും കുടുങ്ങിക്കിടക്കുന്ന അനവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതൊരു മനോരോഗമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

ഇൻറർനെറ്റ് അഡിക്ഷൻ ഡിസോഡർ എങ്ങനെ കണ്ടെത്താം?

ആറോ അതിലധികമോ മാസം നീണ്ടുനിൽക്കുന്ന, തനിക്കോ സമൂഹത്തിനോ ദോഷം ചെയ്യുന്ന രോഗലക്ഷണങ്ങളെയാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (എ. പി. എ.) മാനസീകരോഗങ്ങളുടെ പട്ടികയിൽപ്പെടുത്തുന്നത്. താഴെ പറയുന്നവയിൽ മൂന്നോ അതിലധികമോ ലക്ഷണങ്ങളെങ്കിലും ഒരാൾക്ക് ഉണ്ടെങ്കിൽ അയാളെ ഐ. എ. ഡി. ബാധിച്ച ആളായി കണക്കാക്കാം:
  1. ജോലി, വിദ്യാഭ്യാസം തുടങ്ങിയ കർത്തവ്യങ്ങളിൽ തടസ്സം വരുത്തുന്ന രീതിയിലുള്ള തുടർച്ചയായ ഇൻറർനെറ്റ് ഉപയോഗം.
  2. ഇൻറർനെറ്റ് ഇല്ലാത്ത അവസ്ഥയിൽ ശാരീരികവും മാനസീകവുമായ അസ്വസ്ഥതകൾ. (ലൈംഗിക വൈകൃതങ്ങൾ, ആക്രമണവാസന, പെട്ടെന്നുണ്ടാകുന്ന വൈകാരിക വ്യതിയാനങ്ങൾ, ഒന്നിലും തൃപ്തിവരാത്ത അവസ്ഥ, കുറ്റബോധം, ഉത്‌കണ്ഠ തുടങ്ങിയവ).
  3. ഇൻറർനെറ്റിൻറെ അമിതോപയോഗം മനസ്സിലാക്കി സ്വയം ഇത് തടയാൻ ശ്രമിച്ചിട്ടും തുടർച്ചയായി പരാജയപ്പെടുന്ന അവസ്ഥ.
  4. ഉദ്ദേശിച്ചതിനേക്കാൾ ഏറെ സമയം ഇൻറർനെറ്റിൽ ചിലവഴിക്കുന്ന സ്വഭാവം.
  5. സാമൂഹ്യവും ഉദ്യോഗപരവുമായ കാര്യങ്ങളും ഉല്ലാസങ്ങളും ഇൻറർനെറ്റ് ഉപയോഗത്തിനായി ഉപേക്ഷിക്കുന്ന സ്വഭാവം.
ഈ മനോരോഗത്തിൽ നിന്ന് രക്ഷ നേടാൻ ആഗ്രഹിക്കുന്നവരുടേയും ശാസ്ത്രീയ ചികിത്സ തേടുന്നവരുടേയും എണ്ണം നന്നേ കുറവാണെന്നത് ഇതിൻറെ ഭീകരത വർദ്ധിപ്പിക്കുന്നു. ഈ രോഗത്തിന് അടിമയായ വ്യക്തിക്ക് സ്വയം രക്ഷ നേടുക സാധ്യമല്ല. ഇതൊരു രോഗമാണ്. ഇതിന് ശാസ്ത്രീയ ചികിത്സ ആവശ്യമാണ്. ഒരു നല്ല മനഃശാസ്ത്രജ്ഞനെ സമീപിക്കുന്നു വഴി രോഗിയെ തിരികെ കൊണ്ടുവരാൻ സാധിക്കും. ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തണം. മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാവുകയും അവർക്ക് നല്ല മാതൃക നൽകുകയും, അവരെ മൂല്യങ്ങളിൽ വളർത്താൻ ഉത്സാഹിക്കുകയും വേണം.
- ജുബിൻ ബാബു, കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്, HRD ട്രെയിനർ, സ്റ്റാർസെറൊ
(This article is originally written by Jubin Babu, Consultant Psychologist, HRD Trainer, Starsero Qatar. Unauthorized copying or publishing without the permission is prohibited. Shareable in social media).

Comments