"നല്ല ചൂട് ചോറിൽ പുതിയ ഉരുക്കു വെളിച്ചെണ്ണയും ഉപ്പും ഒഴിച്ച് അൽപ്പം കാന്താരിയും പൊട്ടിച്ച് നല്ല നാട്ടുമാങ്ങാപ്പഴവും ചാലിച്ച് കഴിച്ചാൽ കിട്ടുന്ന സുഖമൊന്നും നിങ്ങളുടെ ഒരു ഫാസ്റ്റ് ഫുഡിനും കിട്ടില്ല."
ചെറു ചിരിയോടെ മുത്തശ്ശൻ പറഞ്ഞു. ഈ എൺപത്തഞ്ചാം വയസ്സിലും അദ്ദേഹം ഇത്രയും ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ രഹസ്യവും അതാവുമെന്ന് ഞാൻ ചിന്തിച്ചു.
അതെ, ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറഞ്ഞാലാവും ഒരു പക്ഷെ ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവുക. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനും കീഴ്പ്പെടുത്താനും വൈദ്യന്മാർ പണ്ടുമുതലേ ഉപോയോഗിച്ചിരുന്ന ഒന്നായിരുന്നു തികച്ചും പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഉരുക്കു വെളിച്ചെണ്ണ.
കൊപ്രയിൽ നിന്ന് അഥവാ ബോഡയിൽ നിന്നൊക്കെ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതിയാണ് നമുക്ക് ഏറെ പരിചിതം. എന്നാൽ പച്ച തേങ്ങയിൽ നിന്നും വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന രസകരമായ കാര്യം വീട്ടിലെ പ്രായം ചെന്നവരോട് ചോദിച്ചാൽ ഒരു പക്ഷെ അറിയാൻ കഴിയും. ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം മനസ്സിലാക്കാൻ എളുപ്പമാണ്. എന്നാൽ ഒരു ലിറ്റർ വെന്ത വെളിച്ചെണ്ണ അഥവാ വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കിയെടുക്കാൻ ഏകദേശം 20 - 24 പച്ച തേങ്ങയെങ്കിലും വേണ്ടിവരും.
തേങ്ങ വൃത്തിയായി ചിരകിയെടുത്ത് അൽപ്പം വെള്ളം ചേർത്ത് പാലെടുക്കുക. ഒരു തോർത്തോ മറ്റോ ഉപയോഗിച്ച് അരിച്ച് പാലെടുത്താൽ നന്നായിരിക്കും. അതിന് ശേഷം ഒരു ചെരുവം (ഓട്ടുരുളിയാണ് ഏറ്റവും നല്ലത്) അടുപ്പത്തോ സ്റ്റവിലോ വച്ച് തേങ്ങാപ്പാൽ അതിലേക്കൊഴിച്ച് സാവധാനത്തിൽ ഇളക്കണം. തീ അധികമാവരുത്. ചട്ടുകമോ മറ്റോ ഉപയോഗിച്ച് നിർത്താതെ ഇളക്കുകയും വേണം. അൽപ്പസമയത്തിനകം പാൽ വെട്ടിത്തിളക്കുന്ന ഘട്ടത്തിലെത്തുമ്പോൾ തീ അല്പം കുറക്കുന്നത് നന്നായിരിക്കും. ഇളക്കൽ തുടർന്നുകൊണ്ടേയിരിക്കണം. ക്രമേണ എണ്ണ തെളിഞ്ഞുവരുന്നത് കാണാനാവും. ഗൃഹാതുരത്വമുണർത്തുന്ന ഒരു സുഗന്ധവും പരക്കും. തേങ്ങയിലെ ഖര - ദ്രാവക ഭാഗങ്ങളിൽ നിന്നുമാണ് അവയുടെ സംസ്കൃത രൂപമായ എണ്ണ ഉരുത്തിരിഞ്ഞു വരുന്നത്. സ്വർണ്ണ നിറമാവുമ്പോൾ ചട്ടി അടുപ്പിൽ നിന്നും വാങ്ങി ചെരിച്ച് വച്ച് തെളിഞ്ഞ എണ്ണ കോരിയെടുത്ത് വൃത്തിയുള്ള ഉണങ്ങിയ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷിക്കുന്ന വെന്ത തേങ്ങയുടെ പൊടി ചമ്മന്തിപ്പൊടി ഉണ്ടാക്കാനും മറ്റും ഉപയോഗിക്കാവുന്നതാണ്. ചൂടാറിയ ശേഷം കുപ്പികളിലൊക്കോ മറ്റോ മാറ്റാം. സ്ഫടിക പത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നന്ന്. അയ്യായിരം വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട വേദങ്ങളും ആധുനിക വൈദ്യശാസ്ത്രവും ഉരുക്കുവെളിച്ചെണ്ണ അഥവാ വെർജിൻ കോക്കനട്ട് ഓയിലിന് നൽകുന്ന സ്ഥാനം വളരെ വലുതാണ്.
ഗുണ മേന്മയിൽ ഉന്നതമായ ഉരുക്കുവെളിച്ചെണ്ണയുടെ മഹിമകളിലേക്ക്:
1. കുഞ്ഞുങ്ങൾക്ക് ഉത്തമം
കൊച്ചു കുഞ്ഞുങ്ങളുടെ തലയിൽ തേക്കാനും ശരീരത്തിൽ പുരട്ടാനും വെന്ത വെളിച്ചെണ്ണയേക്കാൾ ഉത്തമമായ മറ്റൊന്ന് ഇനി കണ്ടുപിടിക്കേണ്ടി വരും. പണ്ടു കാലത്ത് ഇത്യാദി ആവശ്യങ്ങൾക്കായി ഇത് വ്വ്യാപകമായി ഉപയോഗിച്ചിരുന്നു.
2. പ്രകൃതിദത്ത സൗന്ദര്യം
തൊലിയിൽ ചുളിവുകൾ ഉണ്ടാവുന്നത് തടയാനും, മിനുസവും തിളക്കവും വർധിപ്പിക്കാനും ഉരുക്കുവെളിച്ചെണ്ണ സഹായിക്കുന്നു. ഇത്തരത്തിൽ ഒരു പ്രകൃതിദത്ത സൗന്ദര്യ വർധക - സംരക്ഷണ ഓയിലാണ് വെന്ത വെളിച്ചെണ്ണ എന്ന വെർജിൻ കോക്കനട്ട് ഓയിൽ. ഇത് തലമുടിക്ക് ഏറെ ഗുണകരമാണ്. താരനെയും മറ്റ് അസ്വസ്ഥതകളെയും തടയുന്നു.
3. കൊളസ്‌ട്രോൾ ക്രമീകരണം
ചീത്ത കൊളസ്ട്രോളിനെ കുറക്കാനും, നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും വെന്ത വെളിച്ചെണ്ണ സഹായിക്കുന്നു. ഇത്തരത്തിൽ ഹൃദയാരോഗ്യത്തിന് ഗുണകരമാവുന്നു, നമ്മുടെ പൂർവികർ പകർന്നു തന്ന ഈ അപൂർവ്വ ജ്ഞാനം.
4. ക്യാൻസറിനെ പ്രതിരോധിക്കുന്നു
വെർജിൻ കോക്കനട്ട് ഓയിൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും ഉരുക്കു വെളിച്ചെണ്ണ സഹായകമാണെന്ന് ആയുർവേദ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.
5. പൊണ്ണത്തടിയെ തടയുന്നു
വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുന്നത് വഴി പൊണ്ണത്തടിയെ തടയാനും അത് കുറക്കാനും സാധിക്കുന്നു. ഇത് ഊർജ്ജദായകമാണ് എന്നതിനാൽ കൊഴുപ്പിനെ ഉരുക്കി കളയുന്നു.
6. യീസ്റ്റ് ഇൻഫെക്ഷനുകളെ തടയുന്നു.
കാപ്രിക് ആസിഡും ലോറിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വെന്ത വെളിച്ചെണ്ണ യീസ്റ്റ് ഇൻഫെക്ഷനുകളോടും അതുമായി ബന്ധപ്പെട്ട ത്വക്ക് രോഗങ്ങളോടും ഫലപ്രദമായി പോരാടുന്നു.
7. പ്രമേഹത്തിനോട് പൊരുതുന്നു
വെർജിൻ കോക്കനട്ട് ഓയിൽ ഒരു ശീലമാക്കുന്നതിന് മുൻപും ശേഷവും നിങ്ങളുടെ ബ്ലഡ് ഷുഗർ ലെവൽ ചെക്ക് ചെയ്യാൻ സാധിച്ചാൽ നിങ്ങൾക്കുതന്നെ ഇത് അനുഭവവേദ്യമാക്കാം. ഉരുക്കുവെളിച്ചെണ്ണ ഇൻസുലിൻ ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഇതോടൊപ്പം ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും പ്രമേഹത്തെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും.
വെന്ത വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ചെയിൻ ഫാറ്റി ആസിഡ് (MCFA) തൈറോയിഡിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഇത് പാൻക്രിയാസിനെയും ശക്തിപ്പെടുത്തുന്നു.
വെന്ത വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ചെയിൻ ഫാറ്റി ആസിഡ് (MCFA) തൈറോയിഡിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഇത് പാൻക്രിയാസിനെയും ശക്തിപ്പെടുത്തുന്നു.
Comments
Post a Comment