സ്വാതന്ത്ര്യദിനം - അനീന കാപ്പൻ


വിരലുകൾ അപ്പോഴും ചലിക്കുകയായിരുന്നു. കീബോഡിലൂടെയും മൗസിലൂടെയും അതിവേഗം ചലിക്കുന്ന എന്റെ വിരലുകൾ നോക്കി അത്ഭുതപ്പെട്ടു നിൽക്കുകയാണ് ആ മൂന്നാംക്ലാസുകാരി. പുറത്തു മഴ തിമർത്തു പെയ്യുകയാണ്. അവൾക്കു അറിയേണ്ടത് ഇന്ത്യയെക്കുറിച്ചായിരുന്നു. തുറന്നുവന്ന നിരവധിയായ വിവരണങ്ങളിൽ നിന്നും ഒന്ന് പ്രിന്റെടുത് കൊടുക്കാൻ വിഷമകരമായിരുന്നില്ല. യാന്ത്രികമായ ആ പ്രവർത്തനങ്ങൾക്ക് ഒടുവിൽ ഞാൻ വീണ്ടും സന്ദേശങ്ങൾക്ക് മറുപടി അയക്കാൻ തുടങ്ങി. പതിവുപോലെ ആയില്യയുടെ ശൂന്യമായ മെസ്സേജുകളും സോനയുടെ തമാശകളും. അവസാന ചാര്ജും കമ്പ്യൂട്ടർ കുടിച്ചുതീർത്തപ്പോഴാണ് മഴയ്ക്കിടയിൽ എപ്പോഴോ കറന്റ് നിലച്ചതറിഞ്ഞത്. ചൂടായ കണ്ണുകൾ ഇറുക്കിയടച്ചു കിടക്കയിൽ കിടന്നപ്പോൾ മനസ്സും ശൂന്യമായിരുന്നു.

വരൾച്ച, ദാഹം, ഇരുട്ട്..., മഴത്തുള്ളികൾ മനസിനെ തണുപ്പിക്കുമെന്നും സ്വപ്നങ്ങൾക്ക് നിറം നൽകുമെന്നും കൊതിച്ചു. കൊതിച്ചതുപോലെ സ്വപ്നം നിറയെ വർണാഭമായ ഭൂതകാലമായിരുന്നു. ഇന്ത്യയെക്കുറിച്ചറിയാൻ വിടർന്ന കണ്ണുകളുമായി നിന്ന മൂന്നാം ക്ലാസ്സുകാരിക്ക്‌ എന്റെ മുഖഛായയായിരുന്നു. തന്റെ വലിയ വിജ്ഞാന ശേഖരണത്തിൽ നിന്നും ആവേശത്തോടെ ഭാരതത്തിന്റെ ചരിത്രം പറഞ്ഞുതന്നത് ഗൂഗിളായിരുന്നില്ല, വയലേലകളിലൂടെയുള്ള മനോഹരമായ യാത്രകൾക്കിടയിൽ അദ്ധ്യാപകനായിരുന്ന അച്ഛനായിരുന്നു. യന്ത്രികമായിരുന്നില്ല ആ വാക്കുകൾ. ഹൃദയത്തിൽ നിന്നുവന്ന അവ ഹൃദയത്തിൽ തട്ടുന്നവയും ആവേശമുണർത്തുന്നവയുമായിരുന്നു. 'ഒരച്ഛൻ മകൾക്കു അയച്ച കത്തുകൾ' തുടങ്ങി വായനാലോകം വികസിച്ചപ്പോഴേക്കും മൂന്നാംക്ലാസ്സുകാരി കൗമാരക്കാരിയായിരുന്നു. ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റേയും ജീവിതം ആർത്തിയോടെ വായിച്ചപ്പോഴും ഗാന്ധിസത്തിന്റെ മാഹാത്മ്യം ഉൾക്കൊള്ളാൻ പോന്നതായിരുന്നു വായനാലോകം .

"ഇടയ്ക്ക് എപ്പോഴോ പിന്തിരിഞ്ഞു നോക്കിയപ്പോൾ അവൾ യൗവ്വനയുക്തയും 'ജോലിക്കാരിയും' ആയിരുന്നു. തിരക്കുകൾക്കിടയിൽ സ്വത്വം നഷ്ടപ്പെട്ട അവളെ പിന്നീട് കണ്ടത് ശിലയായിട്ടാണ്." - മഴത്തുള്ളികൾ പറഞ്ഞു നിർത്തിയപ്പോഴേക്കും സ്വപനം അവസാനിച്ചിരുന്നു
കറന്റ് വന്നിരുന്നില്ല. 'ശില'യ്ക്കടിയിൽ നിന്നൂറിവരുന്ന തണുപ്പുള്ള ഉറവകൾ, അവയിലലിയുന്ന ശിലാഹൃദയം. ഞാൻ കണ്ണടച്ചുതന്നെ കിടന്നു. കറന്റ് വന്നപ്പോൾ ചുണ്ടിൽ നിറയെ കവിതകളായിരുന്നു. ഞാൻ പുറത്തേയ്ക്കു ഓടി. മഴത്തുള്ളികൾ മേലാകെ നനവ് പടർത്തിയപ്പോൾ ഞാനോർത്തു ഇന്ന് സ്വാതന്ത്ര്യദിനമാണ്. - അനീന കാപ്പൻ
(Unauthorized copying not allowed).

Comments