ഈ യുഗം വിവരസാങ്കേതിക വിദ്യയുടേതാണ്. ഈ യുഗത്തിൽ ജീവിക്കുന്നവരായതുകൊണ്ടുതന്നെ അതിൻറെ എല്ലാ മേഖലകളെക്കുറിച്ചും നാം ബോധവാന്മാരുമാണ്. സാങ്കേതികതയുടെയും ശാസ്ത്രത്തിന്റെയും അതിപ്രസരത്തിൽ വിഹരിക്കുമ്പോൾ നാം നമ്മളിലേയ്ക്ക് ഒതുങ്ങിപ്പോകുന്നു എന്ന നഗ്നസത്യം പറയാതെ വയ്യല്ലോ. സങ്കുചിത മനസ്സിൻറെ ഉടമകളായി മാറുമ്പോൾ ഇരുകാലി മൃഗങ്ങളായ നാം നാൽക്കാലിമൃഗങ്ങളെക്കാൾ അധപതിച്ചിരിക്കുന്നു. കാരണം മനുഷ്യനിൽ നിന്ന് സ്നേഹവും സാഹോദര്യവും വേരറ്റുപോയിക്കൊണ്ടിരിക്കുകയാണ്. തൻറെ അയൽക്കാരെ കാതോർക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് മനുഷ്യൻ നിലംപതിക്കുന്നു എന്നുള്ളത് ഒരു വസ്തുതയായി തന്നെ നിലനിൽക്കുന്നു.
ഒരു നല്ല ശ്രോതാവിനെ തേടിയാണ് പലപ്പോഴും നാം പല കൗൺസിലിംഗ് കേന്ദ്രങ്ങളുടെയും പടിവാതിലുകൾ കടക്കുന്നത്. "എന്നെ കേൾക്കുവാൻ ആരുമില്ല" എന്ന തോന്നലുകളാണ് പലപ്പോഴും കടുത്ത മാനസിക സമ്മർദങ്ങളിലേക്കും, ദുഖത്തിലേയ്ക്കും ആത്മഹത്യാപ്രവണതകളിലേയ്ക്കും നയിക്കുന്നത്. ഒരു മനുഷ്യൻ മറ്റൊരുവനുവേണ്ടി കാതോർക്കുന്നതിനേക്കാൾ മഹനീയമായ മാറ്റൊന്നുമില്ല. ഒരു പോസിറ്റീവ് മനുഷ്യൻ എപ്പോഴും നല്ലൊരു ശ്രോതാവാകാൻ ശ്രമിക്കും. നല്ലൊരു കേൾവികാരനാകുക എന്നത് കൗൺസിലിംഗിന്റെ വിജയത്തെ നിർണയിക്കുന്നു. ഓരോ മനുഷ്യനും നല്ലൊരു ശ്രോതാവാകാൻ സാധിക്കും. കാരണം കാതുകൾ അവനു കേൾവിയുടെ ഉപാധിയാണല്ലോ. ഏതെല്ലാം മേഖലകളിൽ മനുഷ്യന് നല്ലൊരു ശ്രോതാവാക്കാൻ സാധിക്കും എന്നത് താഴെ കൊടുക്കുന്നു.
1. കുടുംബ ജീവിതത്തിൽ
ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ പ്രധാന പങ്കും പരസ്പരം കാതോർക്കാൻ സാധിക്കാത്തതിനാലാണ്. തന്റെ ജീവിതപങ്കാളിയെ കാതോർക്കാൻ സമയം കണ്ടെത്തുന്നവർക്ക് നല്ല കുടുംബ ജീവിതം നയിക്കുവാൻ സാധിക്കും. തങ്ങളുടെ ജീവിതപങ്കാളിയെ കാതോർക്കുമ്പോൾ, അവിടെ സ്നേഹം പരോക്ഷമായി പ്രതിഫലിപ്പിക്കുകയാണ്. നൂറു പ്രാവശ്യം "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നു പറയുന്നതിനേക്കാൾ എത്രയോ ശക്തമാണ് നിങ്ങളുടെ കാതുകളെ അവരിലേക്ക് നയിക്കുന്നത്. അവിടെ സ്നേഹം പറയാതെ പ്രതിഫലിപ്പിക്കപ്പെടുന്നു. അത്പോലെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളതയുള്ളതാകുന്നു. ഭാര്യാഭർത്തൃബന്ധത്തിന്റെ ഊഷ്മളമായ സ്‌നേഹത്തിന്റെ മഹനീയ ദാനമാണ് മക്കൾ. തിരിക്കുപിടിച്ചു ജീവിതം കെട്ടി ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ, മക്കളുടെ വാക്കുകൾക്ക് കാതോർക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം തിരിച്ചു മക്കളും അപ്രകാരം പരിശീലിക്കണം.2. വിദ്യാത്ഥിജീവിതത്തിൽ
കലാലയങ്ങളും വിദ്യാലയങ്ങളും നല്ല സുഹൃത്‌ബന്ധങ്ങളെ സൃഷ്ടിക്കാനുള്ള വേദിയായി മാറുന്നു. കേവലം വൈകാരികബന്ധമായി സുഹൃത്ബന്ധം മാറിപ്പോകരുത് എന്നുള്ളത് ഓർമിപ്പിക്കുന്നു. അത് വൈകാരികതലത്തിനേക്കാൾ, ഒരു ആത്മബന്ധമാണ് കാംക്ഷിക്കുന്നത്. നല്ലൊരു സുഹൃത്ത് നല്ലൊരു ശ്രോതാവും കൂടിയാണ്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവന്റെ പ്രായത്തിനനുസരിച്ചുള്ള പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, ആകുലതകളും, ഉണ്ടാകും. അവിടെ നല്ലൊരു കേൾവികാരനാകാൻ നമുക്ക് കഴിഞ്ഞാൽ അവന്റെ സ്വഭാവരൂപീകരണത്തിൽ നമ്മളും പങ്കാളികളാവുകയാണ്. ഇന്ന് സമൂഹത്തിൽ വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുകയാണ്. കേവലം ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും വിദ്യാത്ഥിആത്മഹത്യകൾ ചർച്ചാവിഷയങ്ങളാക്കാതെ, നമ്മുടെ മക്കളെ നല്ല ശ്രോതാക്കളാകാൻ പരിശീലിപ്പിക്കുക. അത് നല്ലൊരു തലമുറയെ വാർത്തെടുക്കും.3. സമൂഹജീവിതത്തിൽ
നാം പലരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. നാം ഭൂരിഭാഗവും ജോലിസംബന്ധമായും, അല്ലാതെയും യാത്രചെയ്യുന്നവരാണ്. പലപ്പോഴും സാമൂഹമാധ്യമങ്ങളിലെ അതിപ്രസരത്തിൽ മുങ്ങിയിരിക്കുമ്പോഴും, സ്വയം തന്നിലേയ്ക്ക് തന്നെ ഒതുങ്ങുമ്പോഴും നാം പലരെയും തിരിച്ചറിയാതെ പോകുന്നു. നമ്മുടെ അടുത്ത് യാത്രചെയ്യുന്ന വ്യക്തി ചിലപ്പോൾ അങ്ങേയറ്റം തകർച്ചയുടെയോ, അപഹർഷതാബോധത്തിന്റെയോ, മറ്റുപ്രശ്‌നങ്ങളുടെയോ മൂർദ്ധന്യത്തിൽ ആയിരിക്കാം, തദവസരത്തിൽ നാം നല്ലൊരു ശ്രോതാവാകാൻ ശ്രമിച്ചാൽ നമ്മുടെ നയനങ്ങൾ അത്ഭുതങ്ങൾ ദർശിക്കും. പ്രാർഥനയിലൂടെ മാത്രമല്ല അത്ഭുതങ്ങൾ സംഭവിക്കുക, നല്ലൊരു കേൾവിയിലൂടെയും അത് സംഭവിക്കും. മറ്റൊരു വ്യക്തിക്കു സമാധാനവും, സ്നേഹവും, കരുതലും പകരുന്നതിനേക്കാൾ വലിയ അത്ഭുതമില്ല.മനുഷ്യർ തൻറെ സഹോദരരെ കാണുന്നുവെങ്കിലും, അവർ മരങ്ങളെ പൊലെ ഇരിക്കുന്നു എന്ന് പറയുന്നു. എന്നാൽ ഹൃദയംകൊണ്ടുള്ള ശ്രവണം അവരെ സഹോദരങ്ങളാക്കുന്നു.
സ്നേഹം, ക്ഷമ, കാരുണ്യം, സാഹോദര്യം, സത്യസന്ധത, സമർപ്പണം, ആത്മാർത്ഥത തുടങ്ങിയ ഗുണങ്ങൾ ഒരു ശ്രോതാവിന് അത്യാവശ്യമാണ്. ഈ ഗുണങ്ങൾ സ്വാംശീകരിച്ചു നല്ലൊരു ശ്രോതാവാകുവാൻ പരിശ്രമിക്കുക. തീർച്ചയായും പരിശ്രമം ഫലവത്താകും.
- ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച്, സ്റ്റാർസെറൊ
(This article is originally written by George Jose Panjikkaran, Life coach and Trainer, Starsero India. Unauthorized copying or publishing without permission is prohibited).
Comments
Post a Comment