വിജയ കഥകൾ നമ്മൾ എന്നും കേൾക്കുന്നതാണ്. പക്ഷേ, സുഹൃത്തേ ഞാൻ നിന്നോട് പറയുന്നു, വിജയ കഥകൾ കേൾക്കുന്നതിനേക്കാൾ നല്ലത് പരാജിതൻറെ കഥ കേൾക്കുന്നതാണ്. കാരണം അതിൽ നിന്നായിരിക്കും കൂടുതൽ വിജയ രഹസ്യങ്ങൾ ഊറ്റിയെടുക്കാനുണ്ടാവുക. അത്തരത്തിൽ മനഃശാസ്ത്രത്തിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും സംസ്കരിച്ചെടുത്ത 'തോൽവിയുടെ തത്വശാസ്ത്രങ്ങൾ' ഇവിടെ കുറിക്കട്ടെ. ഈ രഹസ്യങ്ങൾ മനസ്സിൽ ഉടക്കിനിന്നാൽ ഞാനും നീയും വിജയത്തിലേക്കുള്ള യാത്ര തുടരുകയായി...
1. മുൻവിധി
മുൻവിധിയെ ഒരു അലങ്കാരമായി ചുമന്ന് നടക്കുന്നവർ പരാജയത്തിൻറെ പടുകുഴിയിലേക്കുള്ള ആദ്യകാൽ വെച്ചുകഴിഞ്ഞു. അതിനാൽ മുൻവിധിയോടെ കാര്യങ്ങളെ നോക്കിക്കാണുന്ന സ്വഭാവം ഉണ്ടെങ്കിൽ നമുക്കതിനെ ഇപ്പോൾത്തന്നെ വലിച്ചെറിയാം.
ഒരു നിമിഷം കണ്ണടച്ച്: "മുൻവിധിയെ ഞാൻ കീഴ്പ്പെടുത്തുന്നു. ഞാൻ ജയിക്കേണ്ടത് മറ്റുള്ളവരെയല്ല, എന്റെയുള്ളിലെ ഭയങ്ങളേയും മിഥ്യാധാരണകളെയുമാണ്" - എന്ന വാക്യം മനസ്സിനെ ബോധ്യപ്പെടുത്തുക. മനസ്സിൽ ഉറപ്പിക്കുക. നമുക്ക് മുന്നോട്ട് പോകാം...
2. വെല്ലുവിളികൾ ഏറ്റെടുക്കാതിരിക്കുക.
വിജയം ചിലരുടെ മാത്രം കുത്തകയാണ്. വെല്ലുവിളികൾ ഏറ്റെടുക്കുന്നവരുടെ കുത്തക. റിസ്ക് എടുക്കാതെ വിജയിക്കാം എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അവരുടെ താൽക്കാലിക കാര്യസാധ്യത്തിനുള്ള നുണ മാത്രം ആയിരിക്കും. റിസ്ക് എടുക്കുക എന്നത് കൊണ്ട് അനിശ്ചിതത്വത്തിലേക്ക് എടുത്ത് ചാടുക എന്നല്ല ഉദ്ദേശിക്കുന്നത്. കൃത്യമായ ആശയവും, പ്രസ്തുത ആശയം നടപ്പാക്കാനുള്ള പ്ലാനിങ്ങും, വ്യക്തമായ ലക്ഷ്യവും ഉണ്ടായിരിക്കണം. ലക്ഷ്യത്തിലേക്ക് എത്താനുള്ള 'ഗോൾ' സെറ്റ് ചെയ്തിരിക്കണം. ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ചെറിയ ചവിട്ടുപടികളാണ് ഗോളുകൾ. ഗോളുകൾ എപ്പോഴും 'ഫ്ലെക്സിബിൾ' ആയിരിക്കണം, അഥവാ, വഴക്കമുള്ളതും, ചുറ്റുപാടും സംഭവിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതും ആയിരിക്കണം. ഗോളുകൾക്ക് മാറ്റം വന്നാലും ആത്യന്തിക ലക്ഷ്യം അഥവാ സ്വപ്നത്തെ ഉപേക്ഷിക്കരുത്. അഭിരുചി മാറുന്നതനുസരിച്ച് സ്വപ്നവും 'മാറാം'. എന്നാൽ നിനക്ക് ഒരു സ്വപ്നം ഉണ്ടോ എന്നതാണ് ചോദ്യം.
3. വിഷ്വലൈസേഷൻ ചെയ്യാതിരിക്കുക.
വിജയ രഹസ്യങ്ങളിൽ സ്രേഷ്ടം. ഇത് ദിവാസ്വപ്നം കാണുകയല്ല. മറിച്ച്, ഒരു വസ്തു - പ്രവൃത്തി - പരിണിത ഫലം എന്നിവയുടെ ഭാവങ്ങളെ മനസ്സിന്റെ കണ്ണുകൊണ്ട് മുൻകൂട്ടി കാണാൻ ഭാവനയെ ആശ്രയിക്കുന്ന, ധാരണാപരമായ, അഥവാ ചിന്താപരമായ ഒരു ഉപകരണമാണിത്. ചുരുക്കത്തിൽ യാഥാർഥ്യത്തിലൂന്നിയ വസ്തുനിഷ്ഠമായ ഭാവന ചെയ്യൽ. നമുക്കറിയാം, ഒരു ആശയം വന്നു കഴിഞ്ഞാൽ അതിനുള്ള പദ്ധതിയിലേക്കാണ് മിക്കവരും എത്തുക. പക്ഷെ, ഈ പദ്ധതിക്ക് മുൻപും ശേഷവും വിഷ്വലൈസേഷൻ ചെയ്‌താൽ, വിജയ സാധ്യത കുതിച്ചുയരുകയായി.
4. 'യൂ ടേൺ' അടിക്കുന്ന സ്വഭാവം.
വെല്ലുവിളികൾ ഏറ്റടുത്താൽ മാത്രം പോരാ, വിട്ടുകൊടുക്കാതിരിക്കുകയും വേണം. ഒരു തവണ പരാജയം സംഭവിക്കുമ്പോഴേക്കും, ഇത് എനിക്ക് സാധിക്കില്ല എന്ന് പറഞ്ഞ് 'യു ടേൺ' അടിച്ചു പിന്മാറുന്നവർ, ഒരിക്കലും ജീവിതത്തിൽ വിജയിക്കില്ല. ഭീരുവിനേപ്പോലെ പിന്മാറി പല തവണ മരിക്കുന്നതിലും നല്ലത് ധീരനെപ്പോലെ പൊരുതി മുന്നേറുന്നതല്ലേ?
5. പണത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുക.
പിന്നാലെ ചെല്ലുന്തോറും ദൂരേക്ക് പോകുന്ന മരീചിക. എന്നാലാവട്ടെ, പണത്തെ പിന്തുടരാതെ, വിദ്യ, മൂല്യം, താല്പര്യം, അർപ്പണം - ഇവയെ പിന്തുടരുന്നവരുടെ പിന്നാലെ പണം വരികയും ചെയ്യും. ആവശ്യത്തിലും അധികം. പണം കൊടുത്ത് ഉണ്ടാക്കുന്നതിനേക്കാൾ തിളക്കമുള്ള പ്രശസ്തി പ്രപഞ്ചം ഇത്തരക്കാർക്ക് കൊടുക്കുന്ന ഒരു സമ്മാനമാണ്.
6. മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്നത് ആലോചിച്ച് സമയം കളയുക.
മറ്റുള്ളവർ നിന്നെ കുറിച്ച് എന്ത് വിചാരിക്കും എന്നത് നിന്റെ ജോലി അല്ല. അത് അവരുടെ ജോലി ആണ്. അതിനെ പ്രതി ചിന്തിച്ച് കളയാനുള്ളതല്ല നിന്റെ സമയം. മറിച്ച് നിന്റെ സ്വപ്നങ്ങൾ പടുത്തുയർത്താനുള്ളതാണ്. സമൂഹത്തിന് എപ്പോഴും നിന്നെ സാധാരണക്കാരൻ/സാധാരണക്കാരി ആക്കുകയാണ് ലക്ഷ്യം. സമൂഹം ഉണ്ടാക്കുന്ന ഈ മിഥ്യാ വലയത്തിൽ നിന്ന് പുറത്തു കടക്കുക എന്നത് ആദ്യ ഘട്ടത്തിലെ കടമ്പകളിലൊന്നാണ്. ഇത് ശ്രമകരവും അനിശ്ചിതത്വങ്ങൾ നിറഞ്ഞതുമാണ്. ഇത് സുരക്ഷിത മേഖലയിൽ (സേഫ്/കംഫർട്ട് സോൺ) നിന്നുള്ള പുറത്തുകടക്കലാണ്.
7. സുരക്ഷിത മേഖലയിൽ (സേഫ്/കംഫർട്ട് സോൺ) നിന്നും പുറത്തു വരാതിരിക്കുക.
സുരക്ഷിത മേഖല അഥവാ സേഫ്/ കംഫർട്ട് സോൺ എപ്പോഴും പരിമിതികളുടേതാണ്. അവിടെ ആയിരിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം സുരക്ഷിതമാണെന്നുള്ള മിഥ്യാ ധാരണയിൽ തൃപ്തി അണയുന്നു. എന്നാൽ അത് മനസ്സിനെ താൽക്കാലികമായി തൃപ്തിപ്പെടുത്തുന്ന ഒരു ധാരണ മാത്രമാണെന്നതാണ് സത്യം. കംഫർട്ട് സോണിൽ നിൽക്കുന്നവർ ഒരു സാധാരണക്കാരനായി, ജനിച്ച്, ജീവിച്ച്, മരിക്കുന്നു. അത് ഏത് കോടീശ്വര പുത്രൻ ആണെങ്കിൽ പോലും. അവന്റെ അഥവാ അവളുടെ ജീവിതം സമൂഹത്തിനെ ബോധ്യപ്പെടുത്താൻ ഉള്ളതായി മാറുന്നു. അവൻ 'പഠിക്കുന്നു ', 'ജോലി' നേടുന്നു, ബില്ലുകളും നികുതിയും അടക്കുന്നു മരിക്കുന്നു. ഒരു സാധാരണ ഉപഭോക്താവ് അഥവാ 'കൺസ്യൂമർ' മാത്രം. ഉപഭോക്തൃ സംസ്കാരത്തിന്റെ ബാക്കിപാത്രം. 'സ്റ്റുപ്പിഡ് കോമൺ മാൻ' എന്ന പ്രയോഗം കേട്ടിട്ടില്ലേ? അതുപോലെ. വിജയിക്കണമെന്നുള്ളവൻ സംരംഭകനെ പോലെ ചിന്തിക്കേണ്ടിയിരിക്കുന്നു. അവൻ സേഫ് സോണിന്, അഥവാ മിഥ്യാ സുരക്ഷിത മേഖലക്ക് പുറത്തു വന്ന് അനിശ്ചിതത്വങ്ങളെ പുല്കേണ്ടിയിരിക്കുന്നു. കാരണം, അനിശ്ചിതത്വങ്ങളെ പുല്കുന്നവരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്.
8. അഹങ്കാരത്തിൻറെ ആധിപത്യം
നിലമൊരുക്കി വിജയത്തിൻറെ വിത്തുപാകി മുളച്ചു തുടങ്ങുമ്പോൾ ഇടയിലൂടെ നാമറിയാതെ വളർന്നുവരുന്ന ഒരു കളയാണ് അഹങ്കാരം. ഇത് പിന്നീട് ഇത്തിൾക്കണ്ണി പോലെ വളർന്ന് വിജയത്തിൻറെ വൃക്ഷത്തെ കീഴ്പ്പെടുത്തുകയും പിന്നീട് അതിനെ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. വളർന്നവനെ അഹങ്കാരം കീഴടക്കുമ്പോൾ അവൻ ഒരു ഭീകരാസത്വമായി മാറുന്നത് നീ പലതവണ വീക്ഷിച്ചിട്ടില്ലേ? അഹങ്കാരം വിജയത്തിൻറെ തിളക്കത്തെ കെടുത്തുന്നു. അതിൻറെ വിത്തുകൾ മുളച്ച് തുടങ്ങുമ്പോൾ തന്നെ അറിയാൻ സാധിക്കും (നീ നല്ലവൻ/നല്ലവൾ ആണെങ്കിൽ). പിഴുതു മാറ്റുക.
നമ്മിൽ ഭൂരിഭാഗത്തിനും ഈ പ്രത്യേകതകൾ ഉണ്ടായേക്കാം. ഈ ലക്ഷണങ്ങൾ ഉണ്ട് എന്ന് കരുതി വിഷമിച്ചിരിക്കുന്നതിലല്ല, അവ മാറ്റിയെടുക്കാൻ ശ്രമിക്കുന്നിടത്താണ് വിജയം ആരംഭിക്കുന്നത്. കാരണം വിജയം ചിലരുടെ മാത്രം കുത്തകയാണ്. പോകൂ, ഒരു സിംഹത്തെപ്പോലെ അതിനെ വേട്ടയാടി പിടിക്കൂ. GO, HUNT YOUR DREAM...
- ജിയൊ കാപ്പൻ, മോട്ടിവേഷണൽ ട്രെയിനർ & സൈക്കോളജിസ്റ്റ്, സ്റ്റാർസെറൊ
(This article is originally written by Geo Kappen, Psychologist, Starsero. Unauthorized copying or publishing without permission is prohibited).
Comments
Post a Comment