പണ്ട് നാട്ടിൻപുറങ്ങളിലൊക്കെ വളരെ സുലഭമായി കണ്ടിരുന്ന ഒരു ചെടിയായിരുന്നു കൂവ. പോഷക സമൃദ്ധവും, ഒട്ടേറെ ഗുണങ്ങളുള്ളതുമായ കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. പ്രമേഹാത്താലും ഹൃദ്രോഗ പീഢകളാലും ബുദ്ധിമുട്ടുന്നവർക്ക് കൂവ ഒരു നല്ല ആഹാരമാണ്. അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട വേദങ്ങളിൽ കൂവയുടെ ഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തെക്കേഅമേരിക്കയിലെ ആദിവാസികൾ അമ്പുകൊണ്ടേറ്റ മുറിവുണക്കാനും മറ്റും ഔഷധമായി ഉപയോഗിച്ചിരുന്നതിനാൽ 'ആരോറൂട്ട്' എന്ന നാമത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ കൂവ അറിയപ്പെടുന്നു. ഇന്ന് ഗ്രാമങ്ങളിൽനിന്നുപോലും കൂവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ കൂവ ഇന്നത്തെ തലമുറയ്ക്ക് അപരിചിതവുമാണ്. പണ്ട് കാലത്ത് നമ്മുടെ തൊടിയിലും മറ്റും തനിയെ വളർന്നു വരുമായിരുന്നു പ്രകൃതിയുടെ ഈ അനുഗ്രഹം.
ഈയൊരു പ്രതിസന്ധിയിൽ അമൂല്യമായ ഈ ചെടിയുടെ സംരക്ഷകരാവുകയാണ് മലപ്പുറത്തെ നിലമ്പൂരിനടുത്തുള്ള ഡോക്ടർ റഫീക്കും കണ്ണൂരിലെ ഭരതനും കോഴിക്കോട് കൂടരഞ്ഞിയിലെ ജെയ്‌സനെപോലെയുള്ള കർഷകരുമൊക്കെ. കേരളത്തിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന കൂവ കൃഷിയുടെ പുനർസൃഷ്ടാക്കളാവുകയാണ് ഇവരൊക്കെ. കൂവയുടെ മാർക്കറ്റിങ് സാധ്യതകളേക്കാളുപരി അതിന്റെ ഗുണങ്ങളാണ് ഒരുപക്ഷേ ഇവരിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കൂവയെ പ്രാപ്തമാക്കുന്നത്.
മൂന്ന് ഇനങ്ങളിലായി കൂവ കണ്ടുവരുന്നു:
1. വെള്ളക്കൂവ (ശാസ്ത്രീയ നാമം: Maranta arundinacea)
2. മഞ്ഞക്കൂവ (ശാസ്ത്രീയ നാമം: Curcuma angutifolia)
3. നീലക്കൂവ (ശാസ്ത്രീയ നാമം: Curcuma Leucorrhizza)
ഒരു കൂവ ചെടിയിൽ നിന്ന് ഏകദേശം ഒരു കിലോയ്ക്കടുത്ത് കിഴങ്ങ് ലഭിക്കുന്നു. വിളവെടുത്ത ശേഷം നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയ കൂവ കിഴങ്ങ് ഒരു ദിവസം വെള്ളത്തിൽ ഇട്ട് വച്ച ശേഷം വീണ്ടും കഴുകി വൃത്തിയാക്കി പരുക്കൻ പ്രതലത്തിൽ ഉരസിയോ ഗ്രൈൻഡർ പോലുള്ള മെഷീനുകൾ ഉപയോഗിച്ചോ മറ്റോ അരച്ചെടുത്ത്, ശുദ്ധ ജലത്തിൽ കലക്കിയെടുത്ത് തുണി സമാനമായ അരിപ്പ ഉപയോഗിച്ച് അരിച്ച് വേരും മറ്റ് അനാവശ്യ അവശിഷ്ടങ്ങളും മാറ്റി, ഏകദേശം ഏഴു മുതൽ എട്ട് മണിക്കൂർ വരെ ഊറാൻ വെക്കുന്നു. എന്നിട്ട് തെളി നീക്കം ചെയ്ത ശേഷം (നീലക്കൂവയുടെ കാര്യത്തിൽ തെളിയൂറ്റുന്നത് മൂന്ന് തവണ ആവർത്തിക്കുന്നു.) ശേഷിക്കുന്ന നൂറ് സൂര്യപ്രകാശത്തിൽ നന്നായി ഉണക്കിയെടുത്താണ് കൂവപ്പൊടി ഉൽപ്പാദിപ്പിക്കുന്നത്. ഒരു കിലോ കൂവപ്പൊടി സംസ്കരിച്ചെടുക്കണമെങ്കിൽ കൂവയുടെ ഇനം അനുസരിച്ച് ഏകദേശം 6 - 14 കിലോയോളം നാടൻ കൂവക്കിഴങ്ങ് വേണ്ടിവരും. ഗുണ മേന്മയുള്ള കൂവപ്പൊടി വളരെ ലൈറ്റ് വെയ്റ്റ് ആയിരിക്കും.
മൈദ കൊണ്ട് ഉണ്ടാക്കാവുന്ന കേക്ക്, ബ്രെഡ്, ബർഗർ, ബൺ, പുഡിങ്, ഹൽവ, ജാം, ഐസ് ക്രീം തുടങ്ങി ഭൂരിഭാഗം പലഹാരങ്ങളും കൂവപ്പൊടി ഉപയോഗിച്ച് വിജയകരമായി ഉണ്ടാക്കിയെടുക്കാം. കൂടാതെ രുചി കൂട്ടുവാനായി മൈദക്ക് പകരക്കാരനായി, മൈദ ചേർക്കുന്ന പല അവസരങ്ങളിലും കൂവപ്പൊടി ഉപയോഗിക്കാം.
ഇനി കൂവയെ വ്യത്യസ്തവും സ്രേഷ്ടവുമാക്കുന്ന അതിന്റെ മേന്മകളിലേക്ക്:
1. ഹൃദയാരോഗ്യത്തിന് ഗുണകരം
പൊട്ടാസ്യത്താൽ സമ്പുഷ്ടമായതുകൊണ്ട് തന്നെ കൂവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഹൃദയമിടിപ്പ് ക്രമീകരിക്കാൻ സഹായിക്കുന്ന കോശങ്ങളുടെയും ശരീര ദ്രവങ്ങളുടെയും ഒരു പ്രധാന ഘടകാംശമാണ് പൊട്ടാസ്യം. ഇത് രക്തസമ്മർദ്ദത്തെ ക്രമീകരിക്കാനും സഹായിക്കുന്നു. അതിനാൽ സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങിയവക്കെതിരെയുള്ള പ്രകൃതിദത്ത പ്രതിരോധമാണ് കൂവ.
2. ദഹന പ്രക്രിയ സുഗമമാക്കുന്നു
വയറിന് അസ്വസ്ഥത ഉള്ളവർ കൂവ ഉപയോഗിക്കുന്നത് ഗുണകരമാവും. ദഹനത്തിന് സഹായിക്കുന്ന ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാലും ഒരു മൃദു വിരേചനൗഷധമായി (Mild laxative) പ്രവർത്തിക്കുന്നതിനാലും മലബന്ധം, വയർ വീർക്കൽ, ഗ്യാസ് ട്രബിൾ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള പ്രകൃതിദത്ത മാർഗ്ഗമാണ് കൂവ. ഇതിന്റെ അന്നജം അതിസാരം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും സംരക്ഷിക്കുന്നു.
3. കുഞ്ഞുങ്ങൾക്ക് അത്യുത്തമം
താരതമ്യ പഠനങ്ങളിൽ കുഞ്ഞുങ്ങൾക്ക് നൽകുന്ന മറ്റ് പല ആഹാര പദാർത്ഥങ്ങളേക്കാളും വേഗത്തിലും സുഗമമായും ദഹനം നടക്കുന്നു എന്നത് കൊണ്ട് കൂവ വളരെ പ്രസിദ്ധവും, എന്നാൽ ഉയർന്ന വില ഇല്ലാത്തതിനാൽ ജനപ്രിയവുമായ ഒരു ബേബി ഫുഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സൗത്ത് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത് വളരെ വ്യാപകമായി ഉപയോഗിക്കുന്നു.
4. മൂത്രാശയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ കൂവ ഉത്തമമാണ്.
മൂത്രാശയ രോഗങ്ങൾക്കുള്ള ഒരു ദിവ്യ ഔഷധമാണ് കൂവ. ഇത് ശരീരത്തെ തണുപ്പിക്കുന്നു. മൂത്രം ചുടീൽ (burning urination), മൂത്രക്കടച്ചിൽ (dysuria), തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. മൂത്രത്തിൽ കല്ല് ഉണ്ടാകുന്ന അവസ്ഥയെ പ്രതിരോധിക്കാനും കൂവക്ക് സിദ്ധിയുണ്ട്.
5. പകൃതിദത്ത എനർജി ഡ്രിങ്ക്
ഒരു പകൃതിദത്ത എനർജി ഡ്രിങ്ക് എന്ന നിലയിൽ കൂവ സ്രേഷ്ടമാണ്. ഒരു ഹോം മേഡ് ORS ലായനിയായും കൂവയെ പരിഗണിക്കാം. ഗൃഹാതുരത്വം ഉണർത്തുന്ന രുചിയാണ് കൂവക്ക് ഉള്ളത്.
Comments
Post a Comment